പ്രിയദർശിനി പദ്ധതിയിൽ പുനഃപരിശോധന വേണം; മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽ പുനഃപരിശോധന വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചു. സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യങ്ങളിൽ നിന്ന് സ്ഥിരവരുമാനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യമാണ് പ്രമേയത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡംഗമായ മുസ്ലിം ലീഗ് പ്രതിനിധി എ.കെ. ഖമറുദീനാണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരവരുമാനവും വിവിധ ആനുകൂല്യങ്ങളും കൈപ്പറ്റുന്ന വിഭാഗങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സാമൂഹിക നീതിയുടെയും പൊതുവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിന്റെയും അടിസ്ഥാനത്തിൽ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

പൊതുവിഭവങ്ങൾ ഏറ്റവും അർഹരായ വിഭാഗങ്ങളിലേക്ക് മുൻഗണനാക്രമത്തിൽ എത്തിക്കുന്ന നയപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും പ്രമേയം ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെക്കുറിച്ചും പ്രമേയത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ ബസ് ഉടമകളും തൊഴിലാളി സംഘടനകളും മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് നിരന്തരം പരാതിപ്പെടുന്ന സാഹചര്യത്തിൽ, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങളും വീണ്ടും വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന ആവശ്യത്തോടെയാണ് ഒതുക്കുങ്ങൽ പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക