സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസ് അനുവദിക്കൽ, പ്രവർത്തനം, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും കൈകാര്യം എന്നിവയ്ക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയ 2026-ലെ 235-ാം നമ്പർ മന്ത്രിതല തീരുമാനത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതുതായി ആരംഭിക്കുന്ന ഫാർമസിയും സമീപത്തുള്ള നിലവിലെ ഫാർമസിയും തമ്മിൽ എല്ലാ ദിശകളിലും കുറഞ്ഞത് 1,000 മീറ്റർ അകലം ഉണ്ടായിരിക്കണമെന്നാണ് പ്രധാന നിർദേശം. എന്നാൽ സഹകരണ സംഘങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഫാർമസികൾക്ക് പ്രത്യേക വ്യവസ്ഥകളോടെ ഇളവ് അനുവദിക്കും.
നിലവിലുള്ള ഫാർമസികളുടെ ലൈസൻസ് പുതുക്കുമ്പോഴും സ്ഥലംമാറ്റം അനുവദിക്കുമ്പോഴും പുതിയ ചട്ടങ്ങൾ ബാധകമാകും. നിലവിലെ സ്ഥലത്ത് ആദ്യം ലൈസൻസ് ലഭിച്ച തീയതിയുടെ അടിസ്ഥാനത്തിലായിരിക്കും മുൻഗണന നിശ്ചയിക്കുക. സ്ഥലം മാറ്റേണ്ടി വരുന്ന ഫാർമസികൾക്ക് പുതിയ സ്ഥലം കണ്ടെത്താൻ മൂന്ന് മാസത്തെ സമയം അനുവദിക്കുമെന്നും ആവശ്യമെങ്കിൽ അത് വീണ്ടും നീട്ടാനാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ ചട്ടപ്രകാരം സ്വകാര്യ ഫാർമസികളുടെ ലൈസൻസ് കാലാവധി നാല് വർഷമായിരിക്കും. ഫാർമസിക്കുള്ളിലെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്തണം. ശീതീകരണം ആവശ്യമായ മരുന്നുകൾ 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കാലാവധി കഴിഞ്ഞ മരുന്നുകൾ പ്രത്യേകം സുരക്ഷിതമായി സൂക്ഷിക്കുകയും നിയന്ത്രിത മരുന്നുകൾ സുരക്ഷാ സംവിധാനങ്ങളുള്ള അലമാരകളിൽ സൂക്ഷിക്കുകയും വേണം. ഓരോ ഫാർമസിയിലും ലൈസൻസുള്ള ഒരു മാനേജറെ നിയമിക്കേണ്ടതും ഒരാൾക്ക് ഒന്നിലധികം ഫാർമസികളുടെ മാനേജരായി പ്രവർത്തിക്കാൻ അനുമതിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, സ്വദേശികളല്ലാത്ത ഫാർമസിസ്റ്റുകളെ നിയമിക്കുന്ന സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു ലൈസൻസുള്ള സ്വദേശി ഫാർമസിസ്റ്റിനെ നിർബന്ധമായും നിയമിക്കണം. ഫാർമസിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും ഹാജർ രേഖകളും ജോലി സമയ വിവരങ്ങളും കൃത്യമായി സൂക്ഷിച്ച് പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്നും പുതിയ ചട്ടം നിർദേശിക്കുന്നു.
സ്വകാര്യ ഫാർമസി മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സുതാര്യതയും നിലവാരവും ഉറപ്പാക്കുകയാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
