കർണാടകയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (എസ്ഐആർ) പിന്നാലെ ഒരു കോടിയോളം പേർ പട്ടികയ്ക്ക് പുറത്തായതായി കണക്ക്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലാണ് വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പരിഷ്കരണത്തിന് മുമ്പ് സംസ്ഥാനത്ത് 5,54,32,314 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ ഇത് 4,55,00,011 ആയി കുറഞ്ഞു. ഇതോടെ ഏകദേശം 17.9 ശതമാനം വോട്ടർമാർ പട്ടികയ്ക്ക് പുറത്തായി. അതേസമയം, കരട് പട്ടികയിൽ നിന്ന് 8,64,000 പേരെ അധികമായി ചേർത്തിട്ടുണ്ട്.
അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം ഉന്നയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു രാഹുലിന്റെ വിമർശനം.
ഡൽഹിയിൽ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്. ജൻ സുൻവായ് പരിപാടിയിൽ ഇന്ത്യാസഖ്യ നേതാക്കളും പൗരാവകാശ സംഘടനാ പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.
