രാജ്യം വിടണമെന്ന എഫ്.ആർ.ആർ.ഒ നോട്ടീസ്; നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയിൽ താൽക്കാലിക ആശ്വാസം

ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. നടൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി നവംബർ രണ്ടിലേക്ക് മാറ്റി. കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയും ജസ്റ്റിസ് അദ്വൈത് സേത്നയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അടുത്ത വാദം കേൾക്കുന്നതുവരെ നടനെതിരെ കടുത്ത നടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയെ അറിയിച്ചു. ഇന്ത്യ വിടാനുള്ള സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ.

അമേരിക്കൻ പൗരത്വവും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുമുള്ള ഇമ്രാൻ ഖാൻ, തനിക്കെതിരായ എഫ്.ആർ.ആർ.ഒ നോട്ടീസ് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒക്ടോബർ 10ന് മുംബൈയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (എസ്.ഐ.ആർ) നടപടിയുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് നടനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഒക്ടോബർ 28നകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്.ആർ.ആർ.ഒ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

നവംബർ രണ്ടിന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നടനെതിരെ കടുത്ത നടപടികളുണ്ടാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പാണ് നിലവിൽ ഇമ്രാൻ ഖാന് ആശ്വാസമായിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക