കേരളത്തിന്റെ സഹകരണ മേഖല ശക്തം; ദേശീയ പദ്ധതികൾ നടപ്പാക്കാൻ മന്ത്രിക്ക് ഡൽഹിയിലേക്ക് അമിത് ഷായുടെ ക്ഷണം

കേരളത്തിന് ശക്തമായ സഹകരണ സംവിധാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി സംസ്ഥാന സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടന്ന അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സഹ്കാർ സേ സമൃദ്ധി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. സഹകരണ മേഖലയിലൂടെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കായി 36 കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ മോദി സർക്കാരിന്റെ കാലത്ത് സാധിച്ചതായും അമിത് ഷാ അവകാശപ്പെട്ടു. സഹകരണ മേഖലയെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്കും സാമ്പത്തിക മുന്നേറ്റത്തിനും കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പരിപാടിക്കിടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. കേസിലെ കുറ്റക്കാരിൽ നിന്ന് പണം കണ്ടുകെട്ടി സഹകരണ വകുപ്പിന് കൈമാറണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.

ഹൈക്കോടതി നിർദേശിച്ചിട്ടും വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് സുരേഷ് ഗോപി ഉന്നയിച്ച ആരോപണം. ഇക്കാര്യത്തിൽ അമിത് ഷാ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക