കേരളത്തിൽ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചുകളിൽ നിന്നും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കിയത്.
വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുകയാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കഴിഞ്ഞതായി കെഎസ്ഇബി വ്യക്തമാക്കി.
പീക്ക് സമയത്തെ ആവശ്യകത നിറവേറ്റുന്നതിനായി മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥയിൽ 200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നും മറ്റ് റിയൽ ടൈം മാർക്കറ്റുകളിൽ നിന്നും ആവശ്യമായ സമയത്ത് വൈദ്യുതി ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്.
നിലവിലെ സാഹചര്യം അനുകൂലമായതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സംസ്ഥാനത്ത് വൈദ്യുതി വിതരണം സാധാരണ നിലയിൽ തുടരുമെന്നും കെഎസ്ഇബി അറിയിച്ചു.
