ബിൽക്കിസ് ബാനു കേസ്: പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി എം.എ. ബേബി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിക്കെതിരെ വിമർശനവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ബലാത്സംഗവും കൊലപാതകവും നടത്തിയ കുറ്റവാളികൾക്ക് ജാമ്യം അനുവദിച്ചത് നിർഭാഗ്യകരമായ തീരുമാനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബിൽക്കിസ് ബാനുവിന് ആവശ്യമായ സംരക്ഷണവും നിയമസഹായവും നൽകേണ്ടത് സി.പി.ഐ.എമ്മിന്റെ കടമയാണെന്നും ബേബി വ്യക്തമാക്കി.

ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡി എന്നിവർക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 17 വർഷത്തിലേറെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അപ്പീലുകൾ തീർപ്പാക്കേണ്ടതുണ്ടെന്നും പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

ഇതിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നതും കോടതി പരിഗണിച്ചു. ജാമ്യം ലഭിച്ചതിൽ നിരാശ പ്രകടിപ്പിച്ച ബിൽക്കിസ് ബാനു, തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിറക്കിയതെന്ന് പ്രതികരിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക