മുൻ പാകിസ്ഥാൻ ക്യാപ്റ്റനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ജയിൽ ജീവിതത്തിലും ആരോഗ്യസ്ഥിതിയിലും ആശങ്ക പ്രകടിപ്പിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് മാന്യവും സ്വതന്ത്രവുമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് ലാറ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നേരത്തെ ആശങ്ക പ്രകടിപ്പിച്ച മുൻ അന്താരാഷ്ട്ര ക്യാപ്റ്റൻമാർക്കൊപ്പം താനും നിലകൊള്ളുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
ഇമ്രാൻ ഖാനുമായി കളിക്കളത്തിൽ ഏതാനും തവണ മാത്രമാണ് ഏറ്റുമുട്ടിയിട്ടുള്ളതെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനം ആദ്യമുതൽ ഉണ്ടായിരുന്നതാണെന്നും അത് എന്നും നിലനിൽക്കുമെന്നും ലാറ പറഞ്ഞു. ഒരുകാലത്ത് പാകിസ്ഥാന് പ്രതീക്ഷയും അഭിമാനവും പ്രചോദനവും നൽകിയ വ്യക്തിയെ ഇപ്പോൾ കുറഞ്ഞ ബഹുമാനത്തോടെയും അനുകമ്പയോടെയും പരിഗണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് രാഷ്ട്രീയത്തിന്റെ വിഷയമല്ലെന്നും, കായികരംഗത്തെ ഒരു ഇതിഹാസത്തോട് കാണിക്കേണ്ട ഏറ്റവും കുറഞ്ഞ മനുഷ്യത്വമാണിതെന്നും ലാറ പറഞ്ഞു. ഇമ്രാൻ ഖാന് ഓരോ മനുഷ്യനും അർഹിക്കുന്ന ബഹുമാനവും ആവശ്യമായ വൈദ്യസഹായവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രെഗ് ചാപ്പൽ, പാറ്റ് കമ്മിൻസ്, ജാവേദ് മിയാൻദാദ്, കപിൽ ദേവ് തുടങ്ങിയ പ്രമുഖർ ഇമ്രാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ലാറയുടെ പ്രതികരണം. 1992ലെ ലോകകപ്പ് ജേതാവിന് മാന്യമായ ചികിത്സയും കോടതി ഉത്തരവിട്ട മെഡിക്കൽ സൗകര്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ 21 മുൻ അന്താരാഷ്ട്ര ക്യാപ്റ്റൻമാർ നിവേദനത്തിൽ ഒപ്പുവെച്ചിരുന്നു.
അലസ്റ്റർ കുക്ക്, മൈക്കൽ ആതർട്ടൺ, സ്റ്റീവ് വോ, ആദം ഗിൽക്രിസ്റ്റ്, നാസർ ഹുസൈൻ തുടങ്ങിയ പ്രമുഖർ ഒപ്പിട്ട നിവേദനത്തിൽ, മൂന്ന് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന 73കാരനായ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ച ഗണ്യമായി വഷളായെന്ന റിപ്പോർട്ടുകളിലാണ് മുൻ ക്യാപ്റ്റൻമാർ ആശങ്ക പ്രകടിപ്പിച്ചത്.
ഇമ്രാന്റെ കേസുമായി ബന്ധപ്പെട്ട നിയമപരവും രാഷ്ട്രീയവുമായ വാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കോടതി ഉത്തരവിട്ട മെഡിക്കൽ നടപടിക്രമങ്ങൾ നടപ്പാക്കുന്നത് തർക്കവിഷയമാകേണ്ടതില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നിവേദനത്തിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചത്. സുപ്രീം കോടതി ഉത്തരവിട്ട പ്രകാരം വ്യക്തിഗത ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ ഇമ്രാന്റെ സമഗ്ര ആരോഗ്യ പരിശോധന നടത്തുക, ആഴ്ചയിൽ ഒരിക്കൽ തടസ്സമില്ലാതെ കുടുംബാംഗങ്ങളെ കാണാൻ അദ്ദേഹത്തിന് അവസരം നൽകുക, ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സകൾ അടിയന്തരമായി നടപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ.
