യഥാർത്ഥ ഉപയോക്താക്കൾക്ക് ‘പണി കൊടുത്ത്’ ഇൻസ്റ്റാഗ്രാം എ.ഐ; വ്യാജന്മാരെ പിടിക്കാൻ നോക്കിയപ്പോൾ കെണിയിലായത് സാധാരണക്കാർ

സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ, സ്പാം, ഓട്ടോമേറ്റഡ് പ്രവർത്തനം എന്നിവ തടയുന്നതിൽ കൃത്രിമബുദ്ധി ഇപ്പോൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, ഈ സുരക്ഷാ സംവിധാനം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പുതിയൊരു വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. ഒട്ടനവധി വ്യാജ ബോട്ട് അക്കൗണ്ടുകൾ പ്ലാറ്റ്‌ഫോമിൽ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുമ്പോൾ, മറുവശത്ത് നിരവധി യഥാർത്ഥ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാം യാതൊരു കാരണവുമില്ലാതെ പരിമിതപ്പെടുത്തുകയോ താൽക്കാലികമായി നിരോധിക്കുകയോ ചെയ്യുന്നുവെന്നാണ് ഉയരുന്ന പരാതി.

ഇന്ന്, കോടിക്കണക്കിന് അക്കൗണ്ടുകൾ നിരീക്ഷിക്കുന്നതിനായി ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയെയാണ് ആശ്രയിക്കുന്നത്. സംശയാസ്‌പദമായ പെരുമാറ്റങ്ങൾ തിരിച്ചറിയാൻ ഇവരുടെ അൽഗോരിതങ്ങൾ എല്ലാ ദിവസവും വലിയ അളവിലുള്ള പോസ്റ്റുകൾ, കമന്റുകൾ, ഫോളോവേഴ്‌സ്, ലൈക്കുകൾ, ഉപയോക്താക്കളുടെ ആക്റ്റിവിറ്റി എന്നിവ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. എന്നാൽ യഥാർത്ഥ മനുഷ്യരുടെ പെരുമാറ്റം പോലും ചിലപ്പോൾ ബോട്ടുകളെപ്പോലെ തോന്നാൻ തുടങ്ങുമ്പോഴാണ് എ.ഐക്ക് പിഴയ്ക്കുന്നത്.

ഒരു സാധാരണ ഉപയോക്താവ് അറിയാതെ ചെയ്യുന്ന ചില കാര്യങ്ങളാണ് എ.ഐ അൽഗോരിതത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. ഒരു ഉപയോക്താവ് വളരെ വേഗത്തിൽ നിരവധി അക്കൗണ്ടുകൾ തുടർച്ചയായി ഫോളോ ചെയ്യുകയോ, കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് പോസ്റ്റുകൾക്ക് ലൈക്കോ കമന്റോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ എ.ഐ ഇതിനെ ഒരു ബോട്ടിന്റെ സാന്നിധ്യമായി അടയാളപ്പെടുത്തുന്നു.

അക്കൗണ്ട് അനലിറ്റിക്‌സിനോ മറ്റോ വേണ്ടി മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിക്കുന്നതും ഇൻസ്റ്റാഗ്രാം എ.ഐ സംശയാസ്പദമായി കണക്കാക്കുന്നു. തൽഫലമായി, തെറ്റൊന്നും ചെയ്യാത്ത യഥാർത്ഥ ആളുകൾക്ക് പോലും അക്കൗണ്ടിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നു.

സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇത് എ.ഐ സാങ്കേതികവിദ്യയുടെ പൂർണ്ണമായ പരാജയമല്ല. മറിച്ച് സാങ്കേതിക ഭാഷയിൽ ഇതിനെ “തെറ്റായ പോസിറ്റീവുകൾ” (False Positives), “തെറ്റായ നെഗറ്റീവുകൾ” (False Negatives) എന്നാണ് വിളിക്കുന്നത്. അതായത്, ചില സാഹചര്യങ്ങളിൽ ഒരു യഥാർത്ഥ ഉപയോക്താവ് തെറ്റായി ബോട്ടാണെന്ന് വിലയിരുത്തപ്പെടുന്നു, അതേസമയം അതീവ സങ്കീർണ്ണമായി നിർമ്മിച്ച ചില ബോട്ടുകൾ യഥാർത്ഥ ഉപയോക്താവെന്ന വ്യാജേന എ.ഐയുടെ കണ്ണുവെട്ടിച്ച് കടന്നുപോകുകയും ചെയ്യുന്നു.

കർശനമായ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ സാധാരണ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും, നിയമങ്ങളിൽ ഇളവ് വരുത്തിയാൽ സ്പാമും വ്യാജ അക്കൗണ്ടുകളും പ്ലാറ്റ്‌ഫോമിനെ വിഴുങ്ങുകയും ചെയ്യുമെന്നതിനാൽ, കൃത്യമായൊരു സന്തുലിതാവസ്ഥ കണ്ടെത്താനാകാതെ കടുത്ത വെല്ലുവിളിയിലാണ് ഇൻസ്റ്റാഗ്രാം അധികൃതർ.

മറുപടി രേഖപ്പെടുത്തുക