ഇന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് സഞ്ജു സാംസന്റെ തിരിച്ചുവരവിനായി. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല. നാളെ നടക്കുന്ന മത്സരത്തിൽ താരം മികച്ച പ്രകടനം കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇതിനിടെ, കഴിഞ്ഞ മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായതോടെ സഞ്ജു സാംസൺ ഒരു അനിഷ്ട റെക്കോർഡും സ്വന്തമാക്കി. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സഞ്ജു മാറി. ഈ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത് രോഹിത് ശർമയാണ്.
സഞ്ജുവിന്റെ കരിയറിൽ ഏഴാം തവണയാണ് അദ്ദേഹം പൂജ്യത്തിന് മടങ്ങുന്നത്. 47 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ ഏഴ് ഡക്കുകൾ. ഈ കണക്കിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പമാണ് സഞ്ജു. 117 ടി20 ഇന്നിംഗ്സുകൾ കളിച്ച കോഹ്ലിയും ഏഴ് തവണയാണ് പൂജ്യത്തിന് പുറത്തായത്.
അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടി20 മത്സരങ്ങളിൽ ആറ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 96 ഇന്നിംഗ്സുകളിൽ നിന്നാണ് അദ്ദേഹം ആറ് തവണ സംപൂജ്യനായി മടങ്ങിയത്.
