ഇനി ആ അധ്യായം തുറക്കില്ല; തുഷാർ വെള്ളാപ്പള്ളിയുടെ ഐക്യ സാധ്യതാ പ്രതികരണത്തിൽ ജി. സുകുമാരൻ നായർ

എൻഎസ്എസ്–എസ്എൻഡിപി ഐക്യത്തിന് സാധ്യത അടഞ്ഞിട്ടില്ലെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഐക്യത്തെക്കുറിച്ച് എൻഎസ്എസിന് ഇനി പറയാനുള്ളത് ഒരേയൊരു വാക്കേയുള്ളുവെന്നും, ഇനി ഐക്യത്തിന് എൻഎസ്എസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യം വേണ്ടെന്ന തീരുമാനം എൻഎസ്എസ് ഡയറക്ടർ ബോർഡ് ഇതിനകം എടുത്തതാണെന്നും, ആ അധ്യായം ഇനി തുറക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ്–എസ്എൻഡിപി ഐക്യസാധ്യത ഇപ്പോഴും നിലനിൽക്കുന്നതായുള്ള തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘ചട്ടിയും കലവും ആയാൽ തട്ടിയും മുട്ടിയും ഇരിക്കും’ എന്ന തുഷാറിന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, യഥാർത്ഥ പ്രശ്നം തുഷാറിന്റെ രാഷ്ട്രീയമാണെന്നും സുകുമാരൻ നായർ ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യം വ്യക്തമായതുകൊണ്ടാണ് ഐക്യത്തിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിയുമായി സൗഹാർദപരമായ ബന്ധം തുടരുമെങ്കിലും ഐക്യം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുഷാർ വെള്ളാപ്പള്ളിയുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും, വെള്ളാപ്പള്ളിക്ക് പത്മ അവാർഡ് നൽകിയതിൽ യാതൊരു വിരോധവുമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക