കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചു. ‘കെ. സുധാകരൻ തുടരും’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ. സുധാകരന്റെ നിയമസഭാ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ അനുകൂലിച്ചുള്ള ഈ പ്രചാരണങ്ങൾ ശക്തമായത്. പാർട്ടി പ്രവർത്തകരുടെ ശക്തമായ പിന്തുണയും ഐക്യവും വ്യക്തമാക്കുന്നതാണ് ഫ്‌ളക്‌സ് പ്രചാരണമെന്നാണ് വിലയിരുത്തൽ.
ഫ്‌ളക്‌സ് ബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാചകങ്ങളും ശ്രദ്ധ നേടുന്നു. “അധികാരത്തിന്റെ തണലിലല്ല, പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളിൽ പ്രസ്ഥാനം തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യനാണ് കെ. സുധാകരൻ. അധികാരത്തിന്റെ ചില്ലുമേടയിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് കെ. സുധാകരൻ” എന്നിങ്ങനെയുള്ള വാചകങ്ങളാണ് പ്രചാരണത്തിന്റെ ഉള്ളടക്കം.
