കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്; തൃശൂരിലെ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എസ്. അനിൽകുമാർ പാർട്ടി മാറി

തൃശൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. എം.എസ്. അനിൽകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചാണ് അനിൽകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

ചടങ്ങിൽ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് , സംസ്ഥാന പ്രഭാരി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ , കേന്ദ്രമന്ത്രി ശോഭ കറന്തലജെ എന്നിവരും പങ്കെടുത്തു.

കെ.എസ്.യുവിലൂടെയാണ് എം.എസ്. അനിൽകുമാർ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് യൂത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും, ഡി.സി.സി സെക്രട്ടറി, ഡി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും കോൺഗ്രസിനായി പ്രവർത്തിച്ചു.

നിലവിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. തൃശൂർ ജില്ലയിൽ ബിജെപിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും കോൺഗ്രസ് മത തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്നും ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം എം.എസ്. അനിൽകുമാർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക