രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എഐ വീഡിയോ; പരാതി നൽകി യുഡിഎഫ്

മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്ന തരത്തിൽ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചരിപ്പിച്ച എഐ വീഡിയോക്കെതിരെ ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

മതവികാരങ്ങളെ ദുരുപയോഗപ്പെടുത്തുന്ന പ്രസ്താവനകൾ ഉൾപ്പെടുത്തിയ ഈ വീഡിയോ, രമേശ് ചെന്നിത്തലയുടെയും ബിജെപി സ്ഥാനാർത്ഥിയുടെയും എഐ ദൃശ്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പരാതിയിൽ പറയുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത് വ്യാപകമായി പ്രചരിക്കുന്നതായും ആരോപണമുണ്ട്.

ഈ വീഡിയോ ഉടൻ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ സൈബർ സെൽ അധികൃതർക്ക് നിർദേശം നൽകണമെന്നും, വർഗീയ വൈരവും കലാപ സാധ്യതയും സൃഷ്ടിക്കാൻ ശ്രമിച്ചതിനും അപകീർത്തിപ്പെടുത്തലിനും ബന്ധപ്പെട്ട് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

കൂടാതെ, തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാൻ ശ്രമിച്ചതിനാൽ എതിര്‍ സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ് നൽകി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക