തന്റെ വ്യക്തിപരമായ അഭിപ്രായപ്രകാരം പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം നിലനിൽക്കുന്നുവെന്നും, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചെലവഴിച്ച പ്രചാരണവും കടുത്ത പോരാട്ടവുമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില മണ്ഡലങ്ങളിൽ നേരിട്ടുള്ള ഇരട്ടമത്സരമാണ് നടക്കുന്നതെന്നും, ആലപ്പുഴയിൽ ചിത്തരഞ്ജൻ വിജയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ആകെ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും, എൻഡിഎയ്ക്ക് വോട്ടുശതമാനം ഉയരുമെങ്കിലും അവർക്ക് സീറ്റുകൾ നേടാനാകുമോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്ന ചോദ്യത്തിന്, പാർട്ടിയിൽ തന്നെ നിരവധി നേതാക്കൾ അതിന് യോഗ്യരാണെന്നും, ജനിക്കാന്‍ പോകുന്ന കൊച്ചിന്റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ല എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന അവകാശവാദം യാഥാർത്ഥ്യമാകുമോ എന്ന് കാത്തുനോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
