അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി സ്പെയിനിലെ ഒരു ഫുട്ബോൾ ക്ലബ് സ്വന്തമാക്കിയതായി റിപ്പോർട്ട്. ബാഴ്സലോണയ്ക്കു സമീപമുള്ള യൂണിയോ എസ്പോർട്ടിവോ കോർണെല്ല (യുഇ കോർണെല്ല) എന്ന അഞ്ചാം ഡിവിഷൻ ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും മെസി സ്വന്തമാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ക്ലബ് ഏറ്റെടുക്കാൻ മെസി ചെലവഴിച്ച തുക സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിലെ സീസണിൽ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കോർണെല്ല. അടിസ്ഥാന സൗകര്യ വികസനത്തിൽ ഇനിയും പുരോഗതി ആവശ്യമുണ്ടെങ്കിലും, ഏകദേശം 3700 പേർക്ക് ഇരിക്കാവുന്ന സ്വന്തം ഹോം ഗ്രൗണ്ടും ക്ലബ്ബിന് ഉണ്ട്.
1951 ഏപ്രിലിൽ സ്ഥാപിതമായ ഈ ക്ലബ് 2013-14 സീസണിൽ അഞ്ചാം ഡിവിഷൻ ലീഗിൽ ചാമ്പ്യന്മാരായിരുന്നു. മെസി പോലെയുള്ള ഒരു ലോകോത്തര താരം ക്ലബ്ബിന്റെ ഉടമസ്ഥത ഏറ്റെടുത്തത് ദീർഘകാല വളർച്ചയ്ക്ക് വലിയ പിന്തുണയായിരിക്കുമെന്ന് നിലവിലെ മാനേജ്മെന്റ് വിലയിരുത്തുന്നു.
