കണ്ണൂർ തളിപ്പറമ്പിൽ സിപിഐഎമ്മിന് തിരിച്ചടിയായ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ടി കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണൻന്റെ വീട്ടിലെത്തി. ഭാര്യയും സിപിഐഎം മുൻ നേതാവുമായ കെ പി രമണിയോടൊപ്പം കുടുംബാംഗങ്ങളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ആരും വീട്ടിൽ വന്നാലും സ്വീകരിക്കുമെന്ന നിലപാടാണ് കുടുംബത്തിനുള്ളതെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി വ്യക്തമാക്കി. പാർട്ടി ആരെയെങ്കിലും തള്ളിയോയെന്നത് നോക്കേണ്ട കാര്യമില്ലെന്നും, ടി കെ ഗോവിന്ദനുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം നിലനിൽക്കുന്നുവെന്നും അവർ പറഞ്ഞു.
“എന്റെ ശരി എന്റെ ബോധ്യമാണ്; നല്ലതും ചീത്തയും ഞാൻ മറക്കില്ല,” എന്നായിരുന്നു വിനോദിനിയുടെ പ്രതികരണം. സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് കുടുംബം വ്യക്തമാക്കിയെങ്കിലും, ടി കെ ഗോവിന്ദന്റെ നിലപാടുകളോട് യോജിപ്പില്ലെന്നു മകൻ ബിനീഷ് കോടിയേരി പറഞ്ഞു. പാർട്ടി ഇതിനകം തന്നെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
