തിരുപ്പരൻകുണ്ഡ്രം ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ തമിഴ്നാട്ടിലെ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം. സംഘപരിവാർ ശക്തികളുടെ പ്രകോപനങ്ങൾക്കും സമ്മർദങ്ങൾക്കും സർക്കാർ വഴങ്ങിയില്ലെന്ന് സിപിഎം തമിഴ്നാട് ഘടകം പ്രസ്താവനയിൽ വ്യക്തമാക്കി.
യഥാർത്ഥ ഭക്തരുടെ വികാരങ്ങൾ മാനിച്ച് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ മണ്ഡപത്തിൽ പതിവുപോലെ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായി സിപിഎം അറിയിച്ചു. പാരമ്പര്യങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിനൊപ്പം മതസൗഹാർദവും ജനങ്ങളുടെ ഐക്യവും കാത്തുസൂക്ഷിക്കാൻ സർക്കാർ സ്വീകരിച്ച ഉറച്ച നിലപാടുകൾ അഭിനന്ദനാർഹമാണെന്നും പാർട്ടി വ്യക്തമാക്കി.
വിവിധ കോണുകളിൽ നിന്നുള്ള കടുത്ത സമ്മർദങ്ങൾക്കും നിർബന്ധങ്ങൾക്കും സർക്കാർ വഴങ്ങിയില്ല. ഹൈക്കോടതി ജഡ്ജി ജി.ആർ. സ്വാമിനാഥന്റെ അനാവശ്യ ഇടപെടൽ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സിപിഎം പ്രസ്താവനയിൽ വിമർശിച്ചു.
തമിഴ്നാട്ടിൽ വിഭാഗീയ ശക്തികളുടെ ഗൂഢാലോചനകൾക്ക് സ്ഥാനമില്ലെന്ന കാര്യം ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പാർട്ടി വ്യക്തമാക്കി.
തിരുപ്പരൻകുണ്ഡ്രം കുന്നിന് മുകളിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ ഇത്തവണ ഒറ്റത്തവണത്തേക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ, കുന്നിലെ ദീപത്തൂണിൽ ദീപം തെളിയിക്കാതെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ മണ്ഡപത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. ഈ നടപടിയെയാണ് സിപിഎം പിന്തുണച്ചത്.
