പൊലീസിന് ആർടിഐ ഇളവ് നൽകാനുള്ള നീക്കം വിവാദത്തിൽ; തമിഴ്നാട് സർക്കാർ ഉത്തരവ് റദ്ദാക്കി

തമിഴ്നാട്ടിൽ പൊലീസ് ഉൾപ്പെടുന്ന ക്രമസമാധാന വകുപ്പിനെ വിവരാവകാശ (ആർടിഐ) നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള വിവാദ ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിച്ചു. ശക്തമായ രാഷ്ട്രീയ പ്രതിഷേധവും പൊതുജന വിമർശനവും ഉയർന്നതിനെത്തുടർന്നാണ് തീരുമാനം.

2005-ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം ക്രമസമാധാന വിഭാഗത്തെ ‘ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ’ വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു സർക്കാർ ആദ്യം ഉത്തരവിറക്കിയത്. ഇതോടെ പൊലീസ് വെടിവെപ്പ് അന്വേഷണ റിപ്പോർട്ടുകൾ, കസ്റ്റഡി മരണങ്ങൾ, ലോക്കപ്പ് പീഡനങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ വിവരാവകാശ നിയമത്തിലൂടെ ലഭിക്കില്ലെന്ന ആശങ്ക ഉയർന്നിരുന്നു.

ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സുതാര്യതയ്ക്ക് തിരിച്ചടിയാകുന്ന നടപടിയാണിതെന്നും ജനങ്ങളുടെ വിവരാവകാശം പരിമിതപ്പെടുത്തുന്നതാണെന്നും വിമർശനം ഉയർന്നു.

വിവാദത്തെ തുടർന്ന് പ്രതികരിച്ച മന്ത്രി സി.ടി.ആർ. നിർമൽ കുമാർ, മത-സാമുദായിക സംഘർഷങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചതെന്നും ക്രമസമാധാന വിഭാഗത്തിലെ ചില വിഭാഗങ്ങളെ മാത്രമാണ് ഒഴിവാക്കാൻ ഉദ്ദേശിച്ചതെന്നും വിശദീകരിച്ചു. എന്നാൽ പൊതുജനങ്ങളിൽ ആശങ്കയുണ്ടെങ്കിൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിപിഎം എംപി വെങ്കിടേശൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉത്തരവിനെതിരെ ശക്തമായി രംഗത്തെത്തി. തമിഴ്നാടിനെ പൊലീസ് ഭരണകൂടമാക്കി മാറ്റാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കസ്റ്റഡി മരണങ്ങൾ, പൊലീസ് അതിക്രമങ്ങൾ, ജാതി-മത സംഘർഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നത് ജനാധിപത്യത്തിനും സുതാര്യ ഭരണത്തിനും വിരുദ്ധമാണെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരവും വിമർശിച്ചു.

വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ് പിൻവലിച്ച് നിലപാട് തിരുത്തിയത്.

മറുപടി രേഖപ്പെടുത്തുക