വിശ്വപ്രേമത്തിന്റെ മാതൃരൂപമാണ് അമൃതാനന്ദമയി ദേവി: ഉപരാഷ്ട്രപതി

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെയും മാനവസേവനത്തിന്റെയും പ്രതീകമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. അമൃതപുരിയിൽ നടന്ന വിശ്വസേവാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന അമ്മയുടെ സേവനപ്രവർത്തനങ്ങൾ മാതൃകാപരവും അഭിമാനകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ബാഹ്യമായ ദാരിദ്ര്യവും ആന്തരികമായ ദാരിദ്ര്യവും ഒരുപോലെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമ്മയുടെ സേവനപദ്ധതികൾ മുന്നോട്ടുപോകുന്നതെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

പണം, ഭക്ഷണം, മറ്റ് സഹായങ്ങൾ എന്നിവയിലൂടെ ബാഹ്യ ദാരിദ്ര്യം കുറയ്ക്കാനാകുമെങ്കിലും, ആന്തരിക ദാരിദ്ര്യം മാറ്റാൻ സ്നേഹവും വിശ്വാസവും മാനവിക മൂല്യങ്ങളും വളർത്തിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അമൃതാനന്ദമയി ദേവിയെ മഹാത്മാവായി വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമൃതാനന്ദമയി ദേവിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അമൃതപുരി ആഗോള സേവന പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ദുരന്തബാധിതർക്കും ചികിത്സാ, സാമ്പത്തിക സഹായങ്ങൾ ആവശ്യമുള്ളവർക്കും മഠം നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

അമ്മയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 50 കോടി രൂപയുടെ വിവിധ സേവന പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമായി. നേപ്പാളിലെ മിന്നൽപ്രളയ ബാധിതർക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാതാ അമൃതാനന്ദമയി മഠം രണ്ട് കോടി രൂപയുടെ സഹായം ഇന്ത്യയിലെ നേപ്പാൾ സ്ഥാനപതി സുരേന്ദ്ര ഥാപ്പയ്ക്ക് കൈമാറി.

തൃശൂർ പൂരപ്പറമ്പിലെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലും അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ചടങ്ങിൽ സാമ്പത്തിക സഹായവും വിതരണം ചെയ്തു.

മറുപടി രേഖപ്പെടുത്തുക