മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. എന്നാൽ പ്രതിഷേധത്തിന് പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിജെപിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കകാലത്ത് പിന്തുണ നൽകിയിരുന്നുവെന്നും എന്നാൽ എല്ലാ വിഷയങ്ങളിലും എല്ലായ്പ്പോഴും സമരത്തിന്റെ ഭാഗമാകാൻ സാധിക്കില്ലെന്നും വാങ്ചുക് പറഞ്ഞു. വിഷയം മുന്നോട്ട് കൊണ്ടുപോകാനുള്ള ശേഷിയും സംഘടനാ കരുത്തും സിജെപിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ഒക്ടോബർ രണ്ടുമുതൽ വ്യാപിപ്പിക്കാനാണ് കോക്രോച്ച് ജനത പാർട്ടിയുടെ തീരുമാനം. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മുംബൈയിലാണ് ആദ്യ പ്രതിഷേധം സംഘടിപ്പിക്കുന്നത്. തുടർന്ന് മറ്റ് നഗരങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് നീക്കം.
ഗാന്ധിജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ ആഹ്വാനം ചെയ്തു. ഗ്യാനേഷ് കുമാറിന് സിജെപി നൽകിയിരുന്ന അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
