കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ. യുവാക്കളുടെ പ്രതിഷേധത്തെ നിർഭയമായ എതിർപ്പിന്റെയും ധൈര്യത്തിന്റെയും ഉണർവിന്റെയും പ്രതീകമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. യുവാക്കൾക്ക് ചിലപ്പോൾ തെറ്റുകൾ സംഭവിച്ചേക്കാമെങ്കിലും അവരുടെ ശബ്ദം കേൾക്കാൻ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഐഎഎൻഎസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പിട്രോഡയുടെ പ്രതികരണം.
യുവാക്കളുടെ പ്രക്ഷോഭത്തെ അറബ് വസന്തവുമായി താരതമ്യം ചെയ്ത പിട്രോഡ, ഇതിനെ ഇന്ത്യൻ സാഹചര്യത്തിലെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തി. വിദ്യാർഥി പ്രസ്ഥാനങ്ങളും യുവാക്കളുടെ പ്രതിഷേധങ്ങളും ഭയമില്ലാതെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ധൈര്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിനിടെ ചിലർ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്ന വിമർശനത്തെക്കുറിച്ചും പിട്രോഡ പ്രതികരിച്ചു. ചില പ്രതിഷേധക്കാർ ഉച്ചത്തിൽ സംസാരിക്കുകയും അനുചിതമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടാകാം. എന്നാൽ അവരുടെ രോഷം പുതിയ ചർച്ചകൾക്ക് വഴിതുറന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധക്കാരുടെ ഭാഷയെ അംഗീകരിക്കുന്നില്ലെങ്കിലും അവരുടെ വികാരങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
കോക്രോച്ച് ജനതാ പാർട്ടി ആം ആദ്മി പാർട്ടിയുടെ ശാഖയാണെന്ന റിപ്പോർട്ടുകളെക്കുറിച്ച് വ്യക്തമായ അറിവില്ലെന്ന് പിട്രോഡ പറഞ്ഞു. എന്നാൽ പ്രതിഷേധിക്കുന്ന യുവാക്കളെ ബുദ്ധിശാലികളും ധൈര്യശാലികളുമായാണ് കാണുന്നതെന്നും അവരിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), ദലിതർ, ആദിവാസി സമൂഹങ്ങൾ എന്നിവർക്കിടയിലും വിദ്യാർഥി പ്രതിഷേധങ്ങൾ പുതിയ ഉണർവ് സൃഷ്ടിച്ചിട്ടുണ്ടെന്ന് പിട്രോഡ അഭിപ്രായപ്പെട്ടു. സാമ്പത്തിക അവസരങ്ങളിലും തീരുമാനമെടുക്കൽ പ്രക്രിയകളിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ തുറന്നുപറയാൻ ഇത്തരം പ്രക്ഷോഭങ്ങൾ അവർക്ക് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബർ ധ്രുവ് രഥീയെയും പിട്രോഡ പ്രശംസിച്ചു. വലിയ അനുയായിവൃന്ദമുള്ള മിടുക്കനായ യുവാവാണ് ധ്രുവ് രഥിയെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കാനും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അദ്ദേഹത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ച പിട്രോഡ, സമൂഹത്തിൽ കൂടുതൽ യുവാക്കൾ നിർഭയമായി ശബ്ദമുയർത്തണമെന്നും അഭിപ്രായപ്പെട്ടു.
