യു.ഡി.എഫ് സർക്കാരിന്റെ നയപ്രഖ്യാപനം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന്റെ അവഗണനകളെക്കുറിച്ചും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിനെക്കുറിച്ചും പരാമർശിക്കാത്തത് വലിയ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും, ഇതിനെതിരെ പ്രതികരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ സർക്കാരിനെക്കുറിച്ച് പൂർണ്ണമായ വിലയിരുത്തലിനുള്ള സമയമായിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നിലപാടുകളെ പിന്തുണയ്ക്കുമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തി എൽ.ഡി.എഫ് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു.
