ശ്രീലങ്കൻ താരവുമായി കയ്യാങ്കളി; വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നടപടിക്ക് ബിസിസിഐ

ഇന്ത്യയുടെ യുവ ബാറ്റിങ് പ്രതിഭ വൈഭവ് സൂര്യവംശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ എയും ശ്രീലങ്ക എയും തമ്മിലുള്ള മത്സരത്തിനിടെ ശ്രീലങ്കൻ താരവുമായി വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഏർപ്പെട്ട സംഭവമാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.

മത്സരത്തിനിടെ മോശം ഭാഷ പ്രയോഗിക്കുകയും അഗ്രസീവ് പെരുമാറ്റം കാഴ്ചവയ്ക്കുകയും ചെയ്തതായി മാച്ച് റഫറി ബിസിസിഐക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക സമിതി വിഷയം പരിശോധിച്ചുവരികയാണ്.

സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ എ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. ശ്രീലങ്കൻ താരം വിഷൻ ഹലംബാഗെയുമായി വൈഭവ് വാക്കേറ്റത്തിൽ ഏർപ്പെടുകയും പിന്നീട് ഇരുവരും പരസ്പരം തള്ളുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സഹതാരങ്ങൾ ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

സംഭവത്തിൽ വൈഭവിന് ചില ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന. കരിയറിന്റെ തുടക്കത്തിൽ തന്നെ അച്ചടക്കലംഘനം ആവർത്തിക്കരുതെന്ന കർശന മുന്നറിയിപ്പും ബിസിസിഐ നൽകാനിടയുണ്ട്. വിഷയത്തിൽ ബോർഡിന്റെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക