രാജ്യത്ത് 30,000-ത്തിലധികം ചാർജിംഗ് പോയിന്റുകൾ; പുതിയ പ്രഖ്യാപനവുമായി ഹ്യുണ്ടായ്

ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള 30,000-ത്തിലധികം ചാർജിംഗ് പോയിന്റുകളിലേക്ക് പ്രവേശനം ലഭ്യമാക്കുന്ന പുതിയ സേവനം പ്രഖ്യാപിച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് . കമ്പനിയുടെ myHyundai ആപ്പിലൂടെയാണ് ഈ സൗകര്യം ലഭ്യമാകുക. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഇവി ചാർജിംഗ് നെറ്റ്‌വർക്കുകളിൽ ഒന്നാണ് ഇതിലൂടെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നതെന്ന് കമ്പനി അറിയിച്ചു.

പ്രമുഖ ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും സേവനദാതാക്കളുമായും സഹകരിച്ചാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായ് വാഹനങ്ങൾക്കു മാത്രമല്ല, എല്ലാ ബ്രാൻഡുകളിലുമുള്ള ഇലക്ട്രിക് വാഹന ഉടമകൾക്കും ഈ സേവനം ഉപയോഗിക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കി.

സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുക, നാവിഗേഷൻ സൗകര്യം ഉപയോഗിച്ച് അവിടേക്ക് എത്തുക, മുൻകൂട്ടി ചാർജിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യുക, ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുക തുടങ്ങിയ സേവനങ്ങൾ myHyundai ആപ്പിലൂടെ ലഭ്യമാകും.

ഡൽഹി–ഗുരുഗ്രാം–ജയ്പൂർ, മുംബൈ–പുണെ–ബെംഗളൂരു, മുംബൈ–രത്നഗിരി–ഗോവ, ചെന്നൈ–വെല്ലൂർ–ബെംഗളൂരു, ഹൈദരാബാദ്–കർണൂൾ–ബെംഗളൂരു എന്നിവ ഉൾപ്പെടെയുള്ള പ്രധാന ദേശീയപാത ഇടനാഴികളിൽ ശരാശരി 25 കിലോമീറ്റർ പരിധിക്കുള്ളിൽ ചാർജിംഗ് സൗകര്യം ലഭ്യമാകുന്ന തരത്തിലാണ് നെറ്റ്‌വർക്ക് വികസിപ്പിച്ചിരിക്കുന്നതെന്ന് ഹ്യുണ്ടായ് അറിയിച്ചു.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം വേഗത്തിലാക്കുന്നതിൽ ശക്തമായ ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുൺ ഗാർഗ് പറഞ്ഞു. എല്ലാ ബ്രാൻഡുകളിലുമുള്ള ഇവി ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കുന്നത് രാജ്യത്തെ ഇവി ആവാസവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിലവിലുള്ള 183 ഡിസി ഫാസ്റ്റ് പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ 2030ഓടെ 600 ആയി വർധിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ഇതുവരെ മൂന്ന് ലക്ഷത്തിലധികം ഇവി ചാർജിംഗ് സെഷനുകൾക്ക് പിന്തുണ നൽകിയതായും 50 ലക്ഷം കിലോവാട്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം ചെയ്തതായും ഹ്യുണ്ടായ് വ്യക്തമാക്കി.

ചാർജിംഗ് സ്റ്റേഷനുകളുടെ ഉപയോഗം വഴി ഏകദേശം 35 ലക്ഷം കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാൻ കഴിഞ്ഞതായും കമ്പനി അവകാശപ്പെട്ടു. ഇതിനൊപ്പം, ഈ സാമ്പത്തിക വർഷത്തിനുള്ളിൽ ഒരു മാസ് മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് ഇവി പോർട്ട്‌ഫോളിയോ കൂടുതൽ വിപുലീകരിക്കാനും ഹ്യുണ്ടായ് പദ്ധതിയിടുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക