സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ മലബാർ മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് നൂറുകണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കൽ തയ്യേനി വായിക്കാനത്ത് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ശക്തമായ മഴയെ തുടർന്ന് ചിറ്റാരിക്കൽ-പാലാവയൽ പാലം വെള്ളത്തിനടിയിലായി. പ്രദേശത്ത് ജാഗ്രതാ നിർദേശം തുടരുകയാണ്.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. ഇതേ തുടർന്ന് സമീപ പുഴകളിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്.
കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് മുകളിലായി ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഈങ്ങാപ്പുഴ ടൗൺ പൂർണമായും വെള്ളത്തിനടിയിലായതോടെ വാഹനഗതാഗതം നിലച്ചു. പ്രദേശത്തെ കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം വെള്ളം കയറി. ഇതര സംസ്ഥാന തൊഴിലാളികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കോടഞ്ചരി ഈരൂട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നാല് ഏക്കറോളം ഭൂമി ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. തിരുവമ്പാടി മുത്തപ്പൻപുഴയിൽ താൽക്കാലികമായി നിർമിച്ചിരുന്ന ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പാലാഴി മേഖലയിലും വെള്ളം കയറിയതോടെ റോഡുകൾ പൂർണമായും മുങ്ങി.
താമരശ്ശേരി പൂനൂരിൽ വിവാഹസംഘം സഞ്ചരിച്ച സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയെങ്കിലും യാത്രക്കാരെ സുരക്ഷിതമായി പുറത്തെടുത്തു.
മലപ്പുറം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നപ്പോൾ കോഴിക്കോട് ജില്ലയിൽ ആറു ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 70 കുടുംബങ്ങളിലെ 207 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, കണ്ണൂർ ജില്ലയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അപകടഭീഷണിയുള്ള മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.
