ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞ് ഇടവിട്ട് പെയ്യുന്നുണ്ടെങ്കിലും പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര എന്നീ നാല് അണക്കെട്ടുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന നടപടികൾ തുടരുകയാണ്.
ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപത് അടി വെള്ളം ഉയർന്നതോടെ ജലനിരപ്പ് 2339.62 അടിയിലെത്തി. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയായി രേഖപ്പെടുത്തി.
കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ജില്ലയിൽ 14 വീടുകൾക്ക് നാശനഷ്ടമുണ്ടായി. വിവിധ പ്രദേശങ്ങളിൽ നിന്നായി 101 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ഇവർ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായാണ് കഴിയുന്നതെന്നും അധികൃതർ അറിയിച്ചു.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം തുടരുകയാണ്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറിനിൽക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രികാല യാത്രാ നിയന്ത്രണവും തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
