മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ദുരിതബാധിതർക്കായുള്ള പ്രത്യേക സഹായപാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
വീട്ടിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതം നൽകും. ഈ സഹായത്തിന് അർഹത നേടാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരിക്കണമെന്ന നിബന്ധന ഉണ്ടായിരിക്കില്ല. പൂർണമായും തകർന്ന വീടുകൾക്ക് ആറു ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും അനുവദിക്കും. സ്വന്തം വീടുകളിലേക്ക് മടങ്ങി താമസിക്കാൻ കഴിയാത്തവർക്ക് വാടകസഹായവും നൽകും.
വീടുകളിൽ വെള്ളം കയറി ദുരിതം അനുഭവിച്ചവർക്ക് പ്രതിദിനം 300 രൂപ വീതം സഹായധനം നൽകുമെന്നും കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് 10,000 രൂപ വീതം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. തീരപ്രദേശങ്ങളിലെ കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കുകയും കൂടുതൽ ജിയോ ബാഗുകൾ സ്ഥാപിക്കുകയും ചെയ്യും. പുനർഗേഹം പദ്ധതി പുതുക്കി കൂടുതൽ ധനസഹായത്തോടെ നടപ്പാക്കുന്നതിനുള്ള പുതിയ പദ്ധതിയും സർക്കാർ ആലോചിക്കുന്നുണ്ട്.
ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് മാതൃകയാകുന്ന സംവിധാനങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ പ്രവചനത്തിനായി പുതിയ സാങ്കേതിക സംവിധാനങ്ങൾ കൊണ്ടുവരും. ഡാമുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും. ഇതിനായി റവന്യൂ, ജലവിഭവ വകുപ്പുകൾക്ക് നിർദേശം നൽകിയതായും മഴയുടെ തീവ്രത കുറഞ്ഞാൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചതായും നാല് പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 452 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് ആളുകൾ കഴിയുകയാണ്. പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 1,882 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. 23,537 കർഷകരെ കൃഷിനാശം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് സർക്കാർ ആദരാഞ്ജലി അർപ്പിക്കുമെന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജേഷിന്റെ പൂർത്തിയാകാതെ കിടക്കുന്ന വീട് സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
