പിഡിഎ (പിന്നാക്കവർ, ദളിതർ, ന്യൂനപക്ഷങ്ങൾ) രാഷ്ട്രീയത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പിഡിഎയുടെ ശക്തി വർധിച്ചതോടെയാണ് അതിനെ അപകീർത്തിപ്പെടുത്താൻ ബിജെപി പുതിയ വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒന്നിച്ച് ബിജെപിക്ക് ശക്തമായ മറുപടി നൽകുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. പിഡിഎയെക്കുറിച്ച് നിരന്തരം നിർവചനങ്ങൾ മാറ്റുന്ന ബിജെപി, സമൂഹങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും അഖിലേഷ് ഉയർത്തി. ശ്രീരാമന്റെ പേരിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും, രാജ്യത്ത് ഏറ്റവും വലിയ പാപം ചെയ്തിരിക്കുന്നത് ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യലിസ്റ്റ് ചിന്തകനും മുൻ കേന്ദ്രമന്ത്രിയുമായ ജാനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ലഖ്നൗവിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്. ജാനേശ്വർ മിശ്ര പാർക്കിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം, പാർട്ടി പ്രവർത്തകരുടെ വൻ സ്വീകരണത്തിനിടെയാണ് ബിജെപിക്കെതിരായ വിമർശനങ്ങൾ ഉന്നയിച്ചത്.
യുവതലമുറ സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുകയാണെന്നും, തിരഞ്ഞെടുപ്പുകളിൽ അതിന്റെ പ്രതിഫലം ബിജെപി അനുഭവിക്കേണ്ടിവരുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
