പാർലമെന്റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. അമിത് ഷാ മറുപടി പറയാൻ തുടങ്ങിയാൽ പ്രതിപക്ഷത്തിന് അത് നേരിടാൻ കഴിയില്ലെന്നും ഭീകരരും തീവ്രവാദികളും പോലും ഭയപ്പെടുന്ന നേതാവാണ് അമിത് ഷായെന്നും റിജിജു പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജൂലൈ 20-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി പാർലമെന്റിൽ എത്തി വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ ലോക്സഭയുടെയും രാജ്യസഭയുടെയും നടപടികൾ തടസ്സപ്പെട്ടിരുന്നു.
പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമർശിച്ച റിജിജു, “പ്രതിപക്ഷം ബഹളം ഉണ്ടാക്കിയ ശേഷം സഭ വിട്ടുപോകുകയാണ് ചെയ്യുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ മുതൽ രാത്രി വരെ പാർലമെന്റിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ പെരുമാറ്റം ശരിയല്ല,” എന്ന് പറഞ്ഞു.
ഏത് മന്ത്രി സഭയിൽ എത്തണം, ആരാണ് മറുപടി പറയേണ്ടത് എന്നത് തീരുമാനിക്കാനുള്ള അധികാരം പ്രതിപക്ഷത്തിനല്ലെന്നും അത് സ്പീക്കറും സർക്കാരും ചേർന്നാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ലോക്സഭയും രാജ്യസഭയും തിങ്കളാഴ്ച വരെ നിർത്തിവെച്ചിരിക്കുകയാണ്. ബഹളത്തിനിടെയാണ് മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ് (ഭേദഗതി) ബിൽ ലോക്സഭ ചർച്ച കൂടാതെ പാസാക്കിയത്.
