ഇന്ത്യക്കും ചൈനക്കും തിരിച്ചടി; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; നിർണായക ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം

റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾക്ക് വഴിയൊരുക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ബിൽ. റഷ്യയുടെ യുദ്ധസാമ്പത്തിക ശക്തി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

86-11 എന്ന വൻ ഭൂരിപക്ഷത്തിലാണ് ബിൽ സെനറ്റ് പാസാക്കിയത്. റഷ്യയ്‌ക്കെതിരെ കർശന ഉപരോധങ്ങൾ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന റിപ്പബ്ലിക്കൻ നേതാവ് ലിൻഡ്‌സെ ഗ്രഹാമിന്റെ പേരാണ് ബില്ലിന് നൽകിയിരിക്കുന്നത്.

ബിൽ പ്രകാരം റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമുണ്ടാകും. നിലവിൽ ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അതേസമയം, റഷ്യൻ ഇന്ധന ഇറക്കുമതി കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് ചില ഇളവുകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, മുതിർന്ന രാഷ്ട്രീയ-സൈനിക നേതാക്കൾ, ധനകാര്യ സ്ഥാപനങ്ങൾ, ഊർജ പദ്ധതികൾ എന്നിവയ്‌ക്കെതിരായ ഉപരോധ വ്യവസ്ഥകളും ബിൽ ശക്തമാക്കുന്നു. നിലവിലെ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന പഴയ എണ്ണ ടാങ്കറുകളെയും പുതിയ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും.

സെനറ്റ് അംഗീകരിച്ച ബിൽ അടുത്തതായി പ്രതിനിധി സഭയുടെ പരിഗണനയ്ക്ക് വിടും. ഓഗസ്റ്റ് 31ന് സഭ സമ്മേളിക്കുമ്പോഴാണ് ബില്ലിന് അന്തിമ അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുക.

മറുപടി രേഖപ്പെടുത്തുക