ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന് നിർണായകമായ നീക്കമായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിയിൽ ഇന്ത്യയിൽ തന്നെ 94 വിമാനങ്ങൾ നിർമ്മിക്കാൻ ഫ്രാൻസ് സന്നദ്ധത അറിയിച്ചു. ഇതുസംബന്ധിച്ച ഔപചാരിക നിർദേശം ഫ്രഞ്ച് സർക്കാർ ഇന്ത്യയ്ക്ക് സമർപ്പിച്ചതായാണ് റിപ്പോർട്ട്.
ഏകദേശം 3.25 ലക്ഷം കോടി രൂപ മൂല്യമുള്ള കരാറിന്റെ ഭാഗമായി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെയാകും 94 റാഫേൽ വിമാനങ്ങൾ രാജ്യത്ത് നിർമ്മിക്കുക. ഡസ്സോൾട്ട് ഏവിയേഷൻ, എംബിഡിഎ, സഫ്രാൻ, തേൽസ് എന്നീ ഫ്രഞ്ച് പ്രതിരോധ കമ്പനികൾ സംയുക്തമായാണ് നിർദേശം തയ്യാറാക്കിയിരിക്കുന്നത്.
നിർമാണത്തിനൊപ്പം പ്രധാന സാങ്കേതികവിദ്യകളുടെ കൈമാറ്റവും തദ്ദേശീയമായി വികസിപ്പിച്ച ‘അസ്ത്ര’ മിസൈൽ ഉൾപ്പെടെയുള്ള ആയുധ സംവിധാനങ്ങളുടെ സംയോജനവും പദ്ധതിയുടെ ഭാഗമാകും. നിർദേശം അംഗീകരിക്കപ്പെട്ടാൽ ഫ്രാൻസിന് പുറത്തായി ആദ്യമായി റാഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കപ്പെടുന്ന രാജ്യമാകും ഇന്ത്യ.
പഴയ മിഗ് വിമാനങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുകയും തേജസ് യുദ്ധവിമാനങ്ങളുടെ വിതരണത്തിൽ കാലതാമസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ വ്യോമസേനയിലെ സ്ക്വാഡ്രൺ ശക്തി നിലനിർത്തുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ കരാറിന് പ്രാധാന്യം നൽകുന്നത്.
ഈ പദ്ധതി ഇന്ത്യൻ പ്രതിരോധ-വ്യോമയാന മേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തൽ. ടാറ്റ, എൽ ആൻഡ് ടി ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് ഏകദേശം 1.6 ലക്ഷം കോടി രൂപയുടെ ബിസിനസ് അവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ നിർദേശം പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ വ്യോമസേനയുടെയും പരിഗണനയിലാണ്. പുതിയ കരാർ യാഥാർഥ്യമായാൽ, ഇന്ത്യ ഓർഡർ ചെയ്ത റാഫേൽ യുദ്ധവിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും.
