മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബറായ എസ്.ആർ. ധന്യയുടെ (ഹെലൻ ഓഫ് സ്പാർട്ട) ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മദ്യപിച്ച് അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിൽ വാഹനം ഓടിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കൂടാതെ എംവിഡി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കേണ്ടതുണ്ട്.
കഴിഞ്ഞ മാസം കാസർകോട് അണങ്കൂരിൽ ദേശീയപാതയിൽ നടന്ന സംഭവത്തെ തുടർന്നാണ് നടപടി. അപകടകരമായ രീതിയിൽ ദേശീയപാതയിൽ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ വാഹനം അമിതവേഗത്തിൽ ഓടിച്ചുപോയെന്നാണ് കേസ്. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതിനഗർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ധന്യ, ബിയർ കഴിച്ചതായി സമ്മതിച്ചിരുന്നു. വാഹനത്തിൽ ലഹരിമരുന്ന് ഉണ്ടായിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും, ആളുകൾ തിരിച്ചറിയുമെന്ന ആശങ്കയിലാണ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതെന്നും ധന്യ വിശദീകരിച്ചു.
മദ്യപിച്ച ശേഷം വാഹനം ഓടിക്കാൻ പാടില്ലായിരുന്നുവെന്നും അത് തന്റെ ഭാഗത്തുണ്ടായ ഗുരുതരമായ തെറ്റാണെന്നും ധന്യ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അവർ, ഇത്തരമൊരു തെറ്റ് ഇനി ആവർത്തിക്കില്ലെന്നും പൊതുവേദിയിൽ മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
