സിനിമ വിടണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്; പ്രതീക്ഷയാണ് മുന്നോട്ട് നയിക്കുന്നത്: ഗായത്രി സുരേഷ്

സിനിമയിലെത്തിയ കാലം മുതൽ ട്രോളുകളും സൈബർ ആക്രമണങ്ങളും നേരിട്ട നടിയാണ് ഗായത്രി സുരേഷ്. പല ഘട്ടങ്ങളിലും സിനിമ ഉപേക്ഷിക്കണമെന്ന് തോന്നിയിരുന്നുവെങ്കിലും സിനിമയോടുള്ള ഇഷ്ടവും പ്രതീക്ഷയുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് നടി പറഞ്ഞു.

പുതിയ ചിത്രമായ ‘മധുരമീ ജീവിതം’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഗായത്രി മനസുതുറന്നത്. “സിനിമ നിർത്താമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴും അത്തരത്തിലുള്ള ചിന്തകൾ വരാറുണ്ട്. പക്ഷേ സിനിമയോട് എനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് പിന്മാറാൻ കഴിയാത്തത്,” ഗായത്രി പറഞ്ഞു.

തന്റെ കരിയറിന്റെ പുതിയ ഘട്ടമായാണ് ഇപ്പോഴത്തെ യാത്രയെ കാണുന്നതെന്നും ‘മധുരമീ ജീവിതം’ ആ രണ്ടാംഘട്ടത്തിലെ ആദ്യ സിനിമയാണെന്നും അവർ വ്യക്തമാക്കി. ഇതിന് പിന്നാലെ കൂടുതൽ സിനിമകളും മികച്ച അവസരങ്ങളും ലഭിക്കുന്നുണ്ടെന്നും രംഗത്ത് വീണ്ടും ഒരു ചലനം അനുഭവപ്പെടുന്നതായും ഗായത്രി പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തിൽ അഭിനേതാക്കൾ സിനിമയ്ക്കൊപ്പം മറ്റ് ബിസിനസ് സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ‘മധുരമീ ജീവിതം’ ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. സിദ്ദിഖ്, വിനയ പ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

മറുപടി രേഖപ്പെടുത്തുക