തീരദേശ മേഖലയിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും സർക്കാർ അവരെ പൂർണമായും അവഗണിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. നൂറ് കണക്കിന് കുടുംബങ്ങള്‍ ആശങ്കയിലാണ്. ഇതൊക്കെ കേള്‍ക്കാന്‍ ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ എവിടെയാണെന്ന് ബിനോയ് വിശ്വം ചോദിച്ചു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അത് അനുഭവപ്പെടുന്നില്ല. ദുരന്ത മേഖലയിലാണ് ആ ചേര്‍ത്ത് പിടിക്കല്‍ ഉണ്ടാകേണ്ടത്. മലനാട്ടിലും ഇടനാട്ടിലും തീരദേശത്തും ഒന്നും അതില്ല. രാഷ്ട്രീയ വിമര്‍ശനം നടത്താന്‍ നിര്‍ബന്ധിതര്‍ ആകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണെന്നും നിരവധി കുടുംബങ്ങൾക്ക് വീടുകളും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. സർക്കാർ ഇടപെടലിനായി ജനങ്ങൾ കാത്തിരിക്കുമ്പോൾ ആശ്വാസകരമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ വേദന സർക്കാർ മനസിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഫിഷറീസ് മന്ത്രിയും റവന്യൂ വകുപ്പും ദുരന്തമേഖലയിൽ സജീവമല്ലെന്ന വിമർശനവും ഉന്നയിച്ചു. ദുരന്തനിവാരണ രംഗത്ത് സർക്കാർ സമ്പൂർണ പരാജയമാണെന്നും ഇപ്പോഴത്തെ ഭരണകൂടം പ്രവർത്തിക്കാത്ത സർക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും കുടുംബാംഗങ്ങൾക്ക് തൊഴിലും പുനരധിവാസവും ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്രകളിൽ മാത്രം ഒതുങ്ങാതെ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ നേരിൽ സന്ദർശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന സർക്കാർ തീരുമാനത്തെയും ബിനോയ് വിശ്വം വിമർശിച്ചു. ഗാനത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ ആലപിക്കുന്നതിൽ പ്രശ്നമില്ലെങ്കിലും തുടർന്ന് വരുന്ന ഭാഗങ്ങൾ ഒരു പ്രത്യേക മതവിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും അത് ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്ക സൃഷ്ടിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
