അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ പറഞ്ഞിട്ടില്ലേ; ഗണേഷ് കുമാറിനെതിരെ സുകുമാരൻ നായർ

തനിക്കെതിരെ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ജനാധിപത്യമില്ലെന്നോ മറ്റ് ആക്ഷേപങ്ങളോ ഉള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

“അയാൾ പറയുന്നതിന് മറുപടി പറയാൻ ഞാൻ ഇല്ല. ഗണേഷ് കുമാറിന് കോടതിയിൽ പോകാമല്ലോ. അനധികൃതമായി ഒരാൾക്കും നിയമനം നൽകിയിട്ടില്ല. എൻഎസ്എസിനെ ഇല്ലാതാക്കാൻ ഒരു കൂട്ടർ കേസുമായി നടക്കുകയാണ്,” ചങ്ങനാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുകുമാരൻ നായർ പറഞ്ഞു.

ഗണേഷ് കുമാർ മുമ്പ് തന്നെ പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞിരുന്നുവെന്നും, ഇപ്പോൾ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് “ഇപ്പോൾ പിതൃസ്ഥാനത്ത് അല്ലെന്ന് തോന്നിയിട്ടുണ്ടാവും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “അങ്ങേർ തന്നെ അങ്ങേരുടെ അച്ഛനെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ” എന്നും അദ്ദേഹം ചോദിച്ചു.

64 വർഷമായി എൻഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തനിക്ക് എതിരായി ഗൂഢാലോചന നടത്താൻ ഇടവരുന്ന തരത്തിലുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

തിരുവനന്തപുരം മന്നം ക്ലബിൽ നടത്താനിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സംഘടനയിൽ ഏകാധിപത്യം നടക്കുകയാണെന്നും, സ്വജനപക്ഷപാതവും ബന്ധുനിയമനവും വ്യാപകമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മന്നത്ത് പത്മനാഭൻ സ്ഥാപിച്ച മഹാപ്രസ്ഥാനം ഇന്ന് ചിലരുടെ പിടിയിലാണെന്നും, എൻഎസ്എസിൽ ഒരു കുടുംബത്തിൽ നിന്നുള്ള 43 പേർക്ക് ജോലി നൽകിയെന്നുമാണ് ഗണേഷ് കുമാർ ആരോപിച്ചത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം സുകുമാരൻ നായർ തള്ളിക്കളഞ്ഞു.

മറുപടി രേഖപ്പെടുത്തുക