പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: എതിരായ ഹർജി തള്ളി ഹൈക്കോടതി

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാസൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.

പദ്ധതി നടപ്പാക്കിയതോടെ ബസുകളിൽ അമിത തിരക്ക് വർധിച്ചെന്നും ഇത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന രേഖകളോ തെളിവുകളോ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കായി നടപ്പാക്കിയ ജനക്ഷേമ പദ്ധതിയെ അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെ സമർപ്പിച്ച, ഊഹാപോഹങ്ങൾ മാത്രം അടിസ്ഥാനമാക്കിയുള്ള ഹർജിയാണിതെന്ന് കോടതി നിരീക്ഷിച്ചു. അമിത തിരക്ക് മാത്രമാണ് വാഹനാപകടങ്ങളുടെ കാരണമെന്ന് വിലയിരുത്താനാകില്ലെന്നും ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളില്ലാതെ ഇത്തരം പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹർജി തള്ളിയ കോടതി, കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക