മാസപ്പടി കേസ്: ഹവാല ഇടപാടിന് തെളിവുണ്ടെന്ന് ഇഡി; വീണ വിജയന്റെ ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി കണ്ടെത്തി

സിഎംആർഎൽ–എക്‌സാലോജിക് മാസപ്പടി കേസിൽ ഹവാല ഇടപാട് നടന്നതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതായി റിപ്പോർട്ട്. വീണ ടി. ദുബൈയിലേക്ക് 85 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ ഡയറിയിൽ നിന്ന് കണ്ടെത്തിയതായും ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായും ഏകദേശം 20 കോടി രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഹവാല ഇടപാട് സംബന്ധിച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.

മറ്റൊരാളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചതായും ഇന്റർനെറ്റ് കോളുകൾക്കായാണ് ഇത് ഉപയോഗിച്ചതെന്നും ഇഡി സംശയിക്കുന്നുണ്ട്. സിം കാർഡ് നൽകിയ വ്യക്തിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയതായാണ് വിവരം.

വീണ വിജയന് മറ്റ് വരുമാന മാർഗങ്ങളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഈ ഇടപാടുകളുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് റെയ്ഡുകൾ നടത്തിയതെന്നും ഇഡി വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പി. എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം ഒമ്പത് ഇടങ്ങളിൽ കഴിഞ്ഞദിവസം ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഹവാല ഇടപാടുകളിലൂടെ പണം കൈമാറിയതിന് തെളിവുകൾ ലഭിച്ചതായും ഏതാനും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതായും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

മറുപടി രേഖപ്പെടുത്തുക