എംഡിഎംഎ കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളടക്കം പ്രതികൾ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ

എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 22 വരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരുക. പ്രതികൾക്കായി കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. ഷാജിദ് കമ്മാടമാണ് കോടതിയിൽ ഹാജരായത്. അദ്ദേഹം കാസർകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റാണ്.

യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.

അതേസമയം, കേസിൽ ദുരൂഹതയുണ്ടെന്നും തങ്ങളെ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നും പ്രതികൾ ആരോപിച്ചു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് തന്നെ കേസിൽ കുടുക്കിയതെന്ന് അബ്ദുൾ സലാം പറഞ്ഞു. പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മറ്റൊരു പ്രതിയായ മുഹമ്മദ് ഹുസൈൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് പ്രതികൾ പ്രതികരിച്ചില്ല.

മറുപടി രേഖപ്പെടുത്തുക