‘വൺ മാൻ, വൺ പോസ്റ്റ്’ നടപ്പാക്കണം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഉടൻ പുതിയ നിയമനം നടത്തണം: മുല്ലപ്പള്ളി രാമചന്ദ്രൻ

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷ സ്ഥാനത്ത് ഉടൻ പുതിയ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സണ്ണി ജോസഫ് മന്ത്രിസ്ഥാനമേറ്റതിന് ശേഷം മൂന്ന് മാസത്തോളമായി കെപിസിസി പ്രവർത്തനം നിശ്ചലാവസ്ഥയിലാണെന്നും പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തിൽ എഐസിസി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ചും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെയും വിമർശിച്ചാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. പാർട്ടിയിൽ “വൺ മാൻ, വൺ പോസ്റ്റ്” എന്ന തത്വം പാലിക്കപ്പെടേണ്ടതാണെന്നും ഒരാൾക്ക് ഒരേസമയം ഒന്നിലധികം പ്രധാന ചുമതലകൾ വഹിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ എഐസിസി നേതൃത്വം സ്ഥിതിഗതികൾ ഗൗരവമായി വിലയിരുത്തണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ട് തീരുമാനം വേഗത്തിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. പാർട്ടിയിൽ നേതൃത്വ ചുമതലകൾ ഏറ്റെടുക്കാൻ കഴിവുള്ള നിരവധി നേതാക്കൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സണ്ണി ജോസഫ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ചർച്ചകളും അഭിപ്രായഭിന്നതകളും ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, പി.വി. അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിന്റെ വിജയത്തിന് കാരണമായത് അൻവർ ഉന്നയിച്ച വിഷയങ്ങളല്ലെന്നും അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ പൂർണമായും തള്ളുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക