ആദ്യ വിദേശ യാത്രയിൽ വ്യാവസായിക നിക്ഷേപം ലക്ഷ്യം; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ബ്രിട്ടനിലേക്ക്

തമിഴ്‌നാട്ടിലേക്ക് കൂടുതൽ വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിജയ് ബ്രിട്ടൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 10 മുതൽ 16 വരെ സന്ദർശനം നടത്താനാണ് ആലോചനയെന്നാണ് വിവരം. മുഖ്യമന്ത്രിക്കൊപ്പം ഉന്നത വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘവും യാത്രയിൽ പങ്കെടുക്കുമെന്നാണ് സൂചന.

സന്ദർശനം സ്ഥിരീകരിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ വിദേശ ഔദ്യോഗിക സന്ദർശനമായിരിക്കും ഇത്. തമിഴ്‌നാട്ടിൽ പുതിയ ഫാക്ടറികളും വ്യാവസായിക സംരംഭങ്ങളും ആരംഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

ഉയർന്ന സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, സെമികണ്ടക്ടർ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദേശ കമ്പനികളുമായും നിക്ഷേപകരുമായും നേരിട്ടുള്ള ചർച്ചകൾ നടത്താനും തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ സ്ഥാപിക്കാൻ അവരെ ക്ഷണിക്കാനും പദ്ധതിയുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കുന്നതിനുള്ള മത്സരം ശക്തമായ സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നീക്കം. പ്രത്യേകിച്ച് ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വലിയ നിക്ഷേപ പദ്ധതികൾക്കായി ശ്രമം ശക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടൻ സന്ദർശനത്തിനിടെ വിവിധ അന്താരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളെയും പ്രമുഖ വ്യവസായികളെയും നിക്ഷേപകരെയും വിജയ് നേരിൽ കാണുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ വ്യവസായ സൗഹൃദ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തി കൂടുതൽ കമ്പനികളെ സംസ്ഥാനത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക