പൊതുരംഗത്ത് സ്ത്രീകൾ ഇറങ്ങുന്നത് വൻ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് പി. ജയരാജൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേദികളിൽ സ്ത്രീകൾ സജീവമായി പ്രത്യക്ഷപ്പെടുകയും പഠിക്കുകയും മുന്നേറുകയും ചെയ്യുന്നത് അംഗീകരിക്കുന്നുവെങ്കിൽ, പൊതുവേദികളിൽ സ്ത്രീകളുടെ സാന്നിധ്യത്തെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് പി. ജയരാജൻ ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ത്രീകളുടെ സ്വാതന്ത്ര്യം, തുല്യത, പൊതുജീവിതത്തിലെ പങ്കാളിത്തം എന്നിവ സംരക്ഷിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും പി. ജയരാജൻ വ്യക്തമാക്കി. കാലത്തിന്റെ യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത നിയന്ത്രണങ്ങൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കുമ്പോൾ, സ്വന്തം സ്ഥാപനങ്ങളിൽ സ്വീകരിക്കുന്ന സമീപനവും പൊതുവേദിയിൽ പറയുന്ന നിലപാടുകളും തമ്മിലുള്ള വൈരുദ്ധ്യം കൂടി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന മർകസിന്റെ കീഴിലുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനമായ ഫുസ്താത്തിന്റെ പ്രചാരണ വീഡിയോകളിലും സമൂഹമാധ്യമ ഉള്ളടക്കങ്ങളിലും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും മുന്നേറ്റത്തിനും പ്രാധാന്യം നൽകുന്ന സമീപനം കാണാനാകുമെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ പ്രചാരണങ്ങളിൽ മുഖം മറയ്ക്കാതെ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്ന വനിതകളെയും കാണാമെന്നും അദ്ദേഹം പറഞ്ഞു.
“വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വേദിയിൽ സ്ത്രീകൾക്ക് സജീവമായി പ്രത്യക്ഷപ്പെടാനും പഠിക്കാനും മുന്നേറാനും കഴിയുമെങ്കിൽ, പൊതു വേദിയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെ എന്തുകൊണ്ട് എതിർക്കണം?” എന്നായിരുന്നു പി. ജയരാജന്റെ ചോദ്യം.
ഓരോ മതവിശ്വാസിക്കും സ്വന്തം വിശ്വാസത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മതവിശ്വാസത്തിന്റെ പേരിൽ സ്ത്രീകൾ എങ്ങനെ ജീവിക്കണം, എവിടെ പ്രത്യക്ഷപ്പെടണം, എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ പൊതുസമൂഹത്തിന് മാനദണ്ഡങ്ങൾ നിർദേശിക്കുമ്പോൾ അതിനെക്കുറിച്ച് ജനാധിപത്യ സമൂഹത്തിൽ ചർച്ചയും വിമർശനവും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും വ്യക്തമാക്കി.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന നിലപാട് മതവിരുദ്ധമായി ചിത്രീകരിക്കേണ്ടതില്ലെന്നും പി. ജയരാജൻ പറഞ്ഞു. മതത്തിന് അതിന്റെ വിശ്വാസങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾക്കായി സംസാരിക്കാനും പൊതുസമൂഹത്തിൽ തുല്യമായി ഇടപെടാനുമുള്ള സ്വാതന്ത്ര്യവും ഉണ്ടാകണം.
സ്ത്രീകളെ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നതല്ല, അവർക്ക് തുല്യമായ ഇടവും അവകാശവും നൽകുന്നതാണ് ജനാധിപത്യ സമൂഹത്തിന്റെ വഴിയെന്നും പി. ജയരാജൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
