നേപ്പാൾ ദുരന്തത്തിൽ ‘നൈസർ ഉപഗ്രഹം ’ പരാജയപ്പെട്ടില്ല; ആഴ്ചകൾക്ക് മുമ്പേ മുന്നറിയിപ്പ് സൂചനകൾ രേഖപ്പെടുത്തിയെന്ന് പഠനം

നേപ്പാളിൽ അടുത്തിടെ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെയും തുടർന്നുണ്ടായ മണ്ണിടിച്ചിലുകളുടെയും പശ്ചാത്തലത്തിൽ, ഐഎസ്ആർഒ-നാസ സംയുക്ത ഉപഗ്രഹമായ ‘നൈസർ’ (NISAR) പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ദുരന്തത്തെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിൽ ഉപഗ്രഹം പരാജയപ്പെട്ടുവെന്ന വിമർശനങ്ങൾക്കിടെയാണ് ദുരന്തത്തിന് ആഴ്ചകൾക്ക് മുമ്പേ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അസാധാരണമായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കിയത്.

ചൈനയിലെ ചാങ്‌ആൻ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ ഷെൻസിയാങ് ലിയുവാണ് നൈസർ ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ വിശദമായി വിശകലനം ചെയ്തത്. ദുരന്തബാധിത മേഖലയിലെ പർവത ചരിവുകളിൽ അപകടകരമായ രീതിയിലുള്ള ചലനങ്ങൾ ഏതാനും ആഴ്ചകൾക്ക് മുമ്പേ ആരംഭിച്ചിരുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

മഞ്ഞുപാളികളിലും പാറപ്പാളികളിലും ശക്തമായ സമ്മർദം രൂപപ്പെട്ടതായും ചില പ്രദേശങ്ങൾ ഏതാനും മീറ്ററുകൾ വരെ നീങ്ങിയതായും വിശകലനത്തിൽ വ്യക്തമായതായി ലിയു ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചലനങ്ങൾ ഒരു പ്രത്യേക മേഖലയിലേക്ക് കേന്ദ്രീകരിക്കുന്നത് വലിയ മണ്ണിടിച്ചിലിന്റെയോ ഭൂവ്യതിയാനത്തിന്റെയോ മുന്നറിയിപ്പ് സൂചനയായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന)യും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും (NASA) ചേർന്നാണ് നൈസർ ഉപഗ്രഹം വികസിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും ഭൂമിയിലെ സൂക്ഷ്മമായ മാറ്റങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.

ലോകത്തിലെ ഏറ്റവും ആധുനിക ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന നൈസറിന്റെ പ്രത്യേകത, എൽ-ബാൻഡും എസ്-ബാൻഡും ഉൾപ്പെടുന്ന ഇരട്ട സിന്തറ്റിക് അപ്പർച്ചർ റഡാർ സംവിധാനങ്ങളാണ്. മേഘാവൃതമായ കാലാവസ്ഥയിലും മഴയിലും മൂടൽമഞ്ഞിലുമെല്ലാം പകലും രാത്രിയും ഭൂമിയിലെ സൂക്ഷ്മമായ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഇതിന് കഴിയും.

പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, അപകടസാധ്യതയുള്ള മേഖലകളിലെ മാറ്റങ്ങൾ നൈസർ നേരത്തേ തന്നെ രേഖപ്പെടുത്തിയിരുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. എന്നാൽ ഉപഗ്രഹം ശേഖരിക്കുന്ന വിവരങ്ങൾ സമയബന്ധിതമായി വിശകലനം ചെയ്ത് ബന്ധപ്പെട്ട അധികൃതരിലേക്ക് എത്തിക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ വെല്ലുവിളിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉപഗ്രഹ സാങ്കേതികവിദ്യയിൽ മാത്രമല്ല, ലഭിക്കുന്ന വിവരങ്ങൾ എത്ര വേഗത്തിലും ഫലപ്രദമായും ഉപയോഗപ്പെടുത്തുന്നു എന്നതിലും ആശ്രയിച്ചിരിക്കുന്നുവെന്ന വിലയിരുത്തലും ഇതോടെ ശക്തമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക