സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ അപലപിച്ച് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഭരണഘടനയ്ക്ക് മുന്നിൽ മതശാസനകൾക്ക് പ്രത്യേക സ്ഥാനമില്ലെന്നും സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
കാന്തപുരത്തിന്റെ നിലപാട് മുസ്ലിം സമൂഹം തന്നെ അംഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. വിഷയത്തിൽ യു.ഡി.എഫിനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങൾ മുന്നണി തന്നെ ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ പരാമർശത്തെ പരസ്യമായി തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിൽ മുസ്ലിം സംഘടനകൾക്കും മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രതികരണം അപക്വമാണെന്നും അത് പിൻവലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, വിവാദ പരാമർശത്തിൽ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ കാന്തപുരം വിശദീകരണം നൽകുമെന്നാണ് സൂചന. സെപ്റ്റംബർ മൂന്നിന് തൃശൂരിൽ നടന്ന സമ്മേളനത്തിൽ കാന്തപുരം തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു.
സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്ലാം മതം അങ്ങനെ പഠിപ്പിക്കുന്നില്ലെന്നുമായിരുന്നു തൃശൂരിലെ കാന്തപുരത്തിന്റെ വിശദീകരണം. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകുന്നു എന്ന വാദവും അദ്ദേഹം തള്ളി.
പെൺകുട്ടികൾക്കായി മാത്രം മദ്രസകളും സ്കൂളുകളും കേരളത്തിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. അനാഥരായ പെൺകുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം അവർക്ക് സൗജന്യമായി ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ നൽകിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ ജില്ലാ മീലാദ് കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു കാന്തപുരത്തിന്റെ വിശദീകരണം. വിവാദ പരാമർശത്തെ തുടർന്ന് ഉയർന്ന വിമർശനങ്ങൾക്കിടെയാണ് തന്റെ നിലപാട് വിശദീകരിച്ച് അദ്ദേഹം രംഗത്തെത്തിയത്.
