ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി; ജോർജിയ മെലോണിക്ക് ആശംസകളുമായി നരേന്ദ്ര മോദി

ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിൽ തുടരുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയ ജോർജിയ മെലോണിക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ മെലോണിയുടെ സൗഹൃദവും നേതൃത്വവും നിർണായക പങ്കുവഹിച്ചതായി മോദി പറഞ്ഞു.

എക്‌സിലെ കുറിപ്പിലാണ് മെലോണിയെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച് മോദി ആശംസകൾ നേർന്നത്. മെലോണി നേടിയ നേട്ടം ഇറ്റാലിയൻ ജനതയ്ക്ക് അവരിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദി ചൂണ്ടിക്കാട്ടി.

2022ൽ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റ മെലോണി തുടർച്ചയായി 1,413 ദിവസം പ്രധാനമന്ത്രി പദത്തിൽ പൂർത്തിയാക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. വരും വർഷങ്ങളിലും മെലോണി തന്റെ വിജയയാത്ര തുടരട്ടെയെന്നും മോദി ആശംസിച്ചു.

മോദിയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് മെലോണിയും പ്രതികരിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം എക്കാലവും ശക്തമായി തുടരുമെന്ന് അവർ വ്യക്തമാക്കി.

ഇന്ത്യ-ഇറ്റലി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇരുനേതാക്കളും അടുത്തിടെ പുലർത്തുന്ന സൗഹൃദവും ഔദ്യോഗിക കൂടിക്കാഴ്ചകളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇരുനേതാക്കളുടെയും സൗഹൃദപരമായ ഇടപെടലുകൾ ശ്രദ്ധേയമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക