ജന്തർ മന്തറിൽ നടത്തിയ മിന്നൽ പ്രതിഷേധത്തെത്തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും തിഹാർ ജയിലിലെത്തിച്ചു. അഞ്ച് ദിവസത്തെ റിമാൻഡിൽ കഴിയുന്ന സിജെപി സഹകൺവീനർമാരെയാണ് അൽപസമയം മുമ്പ് ജയിലിലേക്ക് മാറ്റിയത്. മറ്റൊരു നേതാവായ അജിങ്ക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.
ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് സിജെപി നേതാക്കൾ പ്രതിഷേധം നടത്തിയതെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. ആറുമാസത്തേക്ക് സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും 5,000 രൂപ ജാമ്യത്തുക നൽകാമെന്നും ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഷിൻഡെയ്ക്ക് ജാമ്യം അനുവദിച്ചത്.
സിജെപി നേതാക്കളുടെ കസ്റ്റഡിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ലെന്നും യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജന്തർ മന്തർ രാജ്യത്തെ ജനങ്ങളുടേതാണെന്നും അത് ജനങ്ങൾ തിരിച്ചുപിടിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർഥികളും മാധ്യമപ്രവർത്തകരും ഇന്ത്യാ മുന്നണിയും ഒരേ ലക്ഷ്യത്തിനായി കൈകോർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. “ബാനറുകൾ പലതാകാം, ലക്ഷ്യം ഒന്നാണ്. ഭരണഘടനാപരമായ അവകാശങ്ങൾക്കായി പൗരന്മാർ ഒറ്റക്കെട്ടാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.
