കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം; തെറ്റുതിരുത്തി ഇടതുപക്ഷം തിരിച്ചുവരും: പി. ജയരാജൻ

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പാർട്ടിയിൽനിന്ന് അകന്നുപോയ സാഹചര്യം സിപിഎം ഗൗരവമായി പരിശോധിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അണികളുടെ അഭിപ്രായങ്ങൾ കൂടി കേട്ടശേഷം ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ സ്വാധീനത്തിന്റെ കാര്യത്തിൽ ഇടതുപക്ഷം പിന്നിലായത് എന്തുകൊണ്ടാണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ജയരാജൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ പറയേണ്ടിയിരുന്ന പ്രശ്നങ്ങൾ പാർട്ടി വേദികളിൽ തന്നെ ഉന്നയിക്കണമായിരുന്നു. എന്നാൽ, ചിലർ സിപിഎം വിരുദ്ധർക്കൊപ്പം ചേർന്ന് പാർട്ടിയെ ആക്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.

അത്തരത്തിലുള്ള നീക്കങ്ങൾ താൽക്കാലിക വിജയം മാത്രമാണെന്നും ജയരാജൻ പറഞ്ഞു. അതേസമയം, കെ.കെ. രാഗേഷിനെതിരെ നടക്കുന്ന സൈബർ ആക്രമണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക