വൈദ്യശാസ്ത്രരംഗത്ത് നിർണായക മുന്നേറ്റവുമായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്സി) ശാസ്ത്രജ്ഞർ. പശുവിന്റെ ദഹനനാളത്തിൽനിന്ന് വേർതിരിച്ചെടുത്ത പുതിയ എൻസൈമിന് വിവിധ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ രൂപപ്പെടുത്തുന്ന ‘ബയോഫിലിം’ നശിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. പഠനഫലങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘നേച്ചറിൽ’ പ്രസിദ്ധീകരിച്ചു.
ദേബാശിഷ് ദാസ്, രേഷ്മ രാമകൃഷ്ണൻ, കീർത്തി പർമാര, ദീപ്ഷിക ചക്രവർത്തി, ദേവമിത്ര സെൻ, വേൽപാണ്ടി രാമചന്ദ്രൻ, രാജു എസ്. രാജ്മണി എന്നിവരടങ്ങിയ സംഘമാണ് ഗവേഷണം നടത്തിയത്.
ആന്റിബയോട്ടിക്കുകളിൽനിന്നും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽനിന്നും സ്വയം സംരക്ഷിക്കുന്നതിനായി ചില ബാക്ടീരിയകൾ രൂപപ്പെടുത്തുന്ന സംരക്ഷണ പാളിയാണ് ബയോഫിലിം. ഈ പാളി തകർക്കാൻ കഴിയാത്തതിനാൽ പല അണുബാധകളും ചികിത്സിക്കാൻ ബുദ്ധിമുട്ടാകാറുണ്ട്.
2024 നവംബറിൽ ഐഐഎസ്സി ഗവേഷകർ പശുവിന്റെ ചാണകത്തിൽനിന്ന് ഉരുത്തിരിഞ്ഞ GH B2 എന്ന എൻസൈം പരീക്ഷിച്ചിരുന്നു. ആശുപത്രികളിൽ അണുബാധയ്ക്ക് കാരണമാകുന്ന ക്ലെബ്സിയെല്ല ന്യൂമോണിയ ബാക്ടീരിയയുടെ ബയോഫിലിം തകർക്കാൻ ഈ എൻസൈമിന് കഴിയുമെന്ന് അന്ന് കണ്ടെത്തിയിരുന്നു. ബയോഫിലിമിലെ പോളിസാക്കറൈഡ് ശൃംഖലകളെ തകർത്താണ് എൻസൈം ബാക്ടീരിയകളെ ആന്റിബയോട്ടിക്കുകൾക്ക് കൂടുതൽ വിധേയമാക്കുന്നത്.
ഇതിന് പിന്നാലെ 2026ൽ നടത്തിയ പുതിയ പഠനത്തിലാണ് CRhAB എന്ന പുതിയ എൻസൈമിനെ ഗവേഷകർ വേർതിരിച്ചെടുത്തത്. ക്ലെബ്സിയെല്ല ന്യൂമോണിയയുടെ ബയോഫിലിം നശിപ്പിക്കുന്നതിന് പുറമെ, മുറിവുകളിലും ആശുപത്രികളിലെ മെഡിക്കൽ ഉപകരണങ്ങളിലും വ്യാപിക്കാൻ സാധ്യതയുള്ള അസിനെറ്റോബാക്റ്റർ ബൗമാനി എന്ന അപകടകാരിയായ ബാക്ടീരിയയുടെ ബയോഫിലിമും തകർക്കാൻ ഈ എൻസൈമിന് കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി.
രണ്ട് ബാക്ടീരിയകളും വ്യാപകമായ മരുന്ന് പ്രതിരോധശേഷിയുള്ള അപകടകാരികളായ രോഗാണുക്കളുടെ ESKAPE വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്.
എലികളിലും വിജയകരമായ പരീക്ഷണം
പുതിയ എൻസൈമിന്റെ ഫലപ്രാപ്തി പരിശോധിക്കാൻ എലികളിലും പരീക്ഷണം നടത്തി. എലികളുടെ മുറിവുകളിൽ എൻസൈം പ്രയോഗിക്കുകയും എൻസൈം പുരട്ടിയ ഗോസ് ഉപയോഗിച്ച് മുറിവ് മൂടുകയും ചെയ്തായിരുന്നു പരീക്ഷണം.
മുറിവിലെ ബാൻഡേജ് എലികൾ സ്വാഭാവികമായി അഴിക്കാൻ ശ്രമിച്ചതിനാൽ പരീക്ഷണം നടത്തുന്നത് വെല്ലുവിളിയായിരുന്നുവെന്ന് മൈക്രോബയോളജി പ്രൊഫസർ ദീപ്ഷിക ചക്രവർത്തി പറഞ്ഞു. എലികൾക്ക് സമ്മർദമുണ്ടാകാത്ത വിധത്തിൽ പരീക്ഷണ സംവിധാനം ക്രമീകരിച്ചാണ് പഠനം വിജയകരമായി പൂർത്തിയാക്കിയതെന്നും അവർ വ്യക്തമാക്കി.
മുറിവ് ഡ്രസിങ്ങിനും ഇൻഹേലറിനും ഉപയോഗിക്കാൻ പദ്ധതി
പ്രമേഹരോഗികളിലെ കാലിലെ അണുബാധകൾ ഉൾപ്പെടെയുള്ള മുറിവുകൾക്ക് ഉപയോഗിക്കാവുന്ന പ്രത്യേക ഡ്രസിങ്ങുകൾ വികസിപ്പിക്കാൻ എൻസൈം ഉപയോഗിക്കുന്നതിനുള്ള ഗവേഷണത്തിലാണ് ഐഐഎസ്സി സംഘം ഇപ്പോൾ. ശ്വസന അണുബാധകളുടെ ചികിത്സയ്ക്കായി എൻസൈം ഇൻഹേലർ രൂപത്തിലും വികസിപ്പിക്കാനുള്ള പദ്ധതിയുണ്ട്.
മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ നേരിടാൻ പുതിയ ചികിത്സാ മാർഗങ്ങൾ കണ്ടെത്തേണ്ട സാഹചര്യത്തിൽ ഗവേഷണത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.
