പരമ്പരാഗത മീൻപിടിത്ത രീതികൾ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ മത്സ്യത്തൊഴിലാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെ (36)യെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
വൈകിട്ട് സ്കൂൾ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് തംബുരുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടുവീട്ടിലെത്തിച്ച് സംസ്കരിച്ചു.
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു, തനിക്കെതിരെ ഉയർന്ന അപവാദ പ്രചാരണങ്ങൾക്ക് മറുപടിയായാണ് സ്വന്തം ഉപജീവനമാർഗമായ പരമ്പരാഗത മത്സ്യബന്ധന രീതികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാൻ ആരംഭിച്ചത്. ‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ച ആദ്യ വീഡിയോ തന്നെ 90 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. തുടർന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലൂടെ വലിയൊരു ആരാധകവൃന്ദം തംബുരുവിന് രൂപപ്പെട്ടു.
അതേസമയം, ഓൺലൈൻ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഒരാളിൽ നിന്ന് നേരിട്ട മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇയാൾ തംബുരുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും വീഡിയോ ചിത്രീകരണവും പ്രസിദ്ധീകരണവും തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.
മാനസിക സമ്മർദ്ദത്തെ തുടർന്ന് തംബുരുവിന് അടുത്തിടെ ചികിത്സ തേടേണ്ടി വന്നിരുന്നതായും ബന്ധുക്കൾ പറയുന്നു. ഉയർന്നുവന്ന ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
