‘രാജ’ എന്ന പേരിന് രേഖ വേണം; സി.പി.ഐ നേതാവ് ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സി.പി.ഐ നേതാവ് ആനി രാജയ്ക്ക് വോട്ടർ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഡൽഹിയിൽ നടപ്പാക്കുന്ന പ്രത്യേക വോട്ടർ പട്ടിക തീവ്രപരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് നോട്ടീസ് നൽകിയത്.

ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടറായ ആനി രാജയുടെ പേരിന്റെ രണ്ടാം ഭാഗമായ ‘രാജ’ തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ നടപടികളുടെ ഭാഗമായി കരട് വോട്ടർ പട്ടികയിൽ നിന്ന് ആനി രാജയുടെ പേര് താൽക്കാലികമായി നീക്കുകയും ചെയ്തു.

സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ ഭാര്യയായ ആനി രാജ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ ഇതേ വിഷയത്തിൽ യാതൊരു എതിർപ്പും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നയിച്ചിരുന്നില്ലെന്ന് പ്രതികരിച്ചു. അന്ന് ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടറാണെന്ന് തെളിയിക്കുന്ന ബൂത്ത് നമ്പറും ഇലക്ടർ നമ്പറും ഉൾപ്പെടെയുള്ള രേഖകൾ കമ്മീഷന് സമർപ്പിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

എന്നാൽ ആ രേഖകൾ ഇപ്പോൾ അംഗീകരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടെന്ന് ആനി രാജ ആരോപിച്ചു. 1991-ലാണ് താൻ ഡി. രാജയെ വിവാഹം കഴിച്ചതെന്നും അതിന് മുമ്പുള്ള രേഖകളിൽ ‘രാജ’ എന്ന പേര് എങ്ങനെ ഉൾപ്പെട്ടിരിക്കുമെന്നുമാണ് അവർ ചോദിക്കുന്നത്.

വോട്ടവകാശം നിഷേധിക്കുന്ന തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോയാൽ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാഷ്ട്രീയ തലത്തിലും ചർച്ചകൾ ശക്തമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക